
കൊച്ചി: ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി ഒൻപതു വർഷം നീട്ടിയതിന്റെ ക്രെഡിറ്റ് പിണറായി സർക്കാരിനെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് നിയമസഭ കക്ഷി നേതാവുമായ കെ ബാബു എം എൽ എ. പദ്ധതിയെ കടൽ കൊള്ള എന്ന് വിളിച്ചവരാണ് അതേ പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ഐക്യദാർഢ്യം അറിയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും മറികടന്ന് ചിങ്ങം ഒന്നിന് കരാർ ഒപ്പുവച്ചത് ഉമ്മൻചാണ്ടി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി മികച്ച പുനരധിവാസ പാക്കേജിന് രൂപം നൽകാനും, 90% സ്ഥലം ഏറ്റെടുക്കാനും ഉമ്മൻചാണ്ടി സർക്കാരിനായി. എന്നാൽ പിണറായി സർക്കാർ അത് അട്ടിമറിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര പ്ലാനിങ് കമ്മീഷൻ ചെയർമാൻ മൊണ്ടേക് സിംഗ് അലുവാലിയ പദ്ധതിയുടെ ഭാഗമായതെന്നും കെ ബാബു പറഞ്ഞു.
ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം എംജി റോഡ് മെട്രോ സ്റ്റേഷനിൽ അവസാനിച്ചു. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അധ്യക്ഷനായി.അൻവർ സാദത്ത് എംഎൽഎ , കെപിസിസി ജനറൽ സെകട്ടറി ബി എ അബ്ദുൾ മുത്തലിബ് , നേതാക്കളായ കെ പി ധനപാലൻ , ടോണി ചമ്മിണി , എം ആർ അഭിലാഷ് , അബ്ദുൾ ലത്തീഫ് ,എൻ ആർ ശ്രീകുമാർ , ദീപക് ജോയ് , സേവ്യർ തായങ്കേരി , ബാബു പുത്തനങ്ങാടി, എം പി ശിവദത്തൻ , ബേസിൽ പോൾ , അജിത്ത് അമീർ ബാവ, വാഹിദ ഷരീഫ്, പി ബി സുനീർ , മനു ജേക്കബ്ബ്, വിജു ചൂളക്കൻ , സനൽ നെടിയതറ, മധു പുറക്കാട്, ജോഷി പള്ളൻ , ഷാജി കുറുപശ്ശേരി , ഷീജ സുധീർ തുടങ്ങിയവർ സംസാരിച്ചു











